ബംഗാളിൽ അധികാരത്തിലെത്തിയാൽ കൊറോണ വാക്സീൻ സൗജന്യമായി നൽകുമെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും കൊറോണ വാക്സീൻ സൗജന്യമായി നൽകുമെന്ന് ബിജെപി. എന്നാൽ ഇത് വെറും വ്യാജവാ​ഗ്ദാനമാണെന്ന് തൃണമൂൽ കോൺ​ഗ്രസ് എംപി ഡെറക് ഒ ബ്രയാൻ പ്രതികരിച്ചു. ‘പശ്ചിമബം​ഗാളിൽ ബിജെപി സർക്കാർ അധികാരത്തിയാലുടൻ തന്നെ കൊറോണ വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകും.’ എന്നാണ് ബിജെപിയുടെ ട്വീറ്റ്.

‘ബീഹാർ തെര‍ഞ്ഞെടുപ്പിന്റെ സമയത്തും എല്ലാവർക്കും സൗജന്യ വാക്സീൻ വാ​ഗ്ദാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്താണ് സംഭവിച്ചത്. രണ്ട് ഘട്ടം അവസാനിച്ചിട്ടും ബിജെപി ഇത് തന്നെ പറയുന്നു. ബിജെപിയെ വിശ്വസിക്കരുത്.’ എംപി ഡെറക് ഒ ബ്രയാൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പുതിയ ‘ഉദാരവത്കരിച്ചതും ത്വരിതവുമായ കൊറോണ വാക്സിനേഷൻ നയം’ കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധവുമാണെന്നും എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകണമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി മോദിയോട് അഭ്യർത്ഥിച്ചിരുന്നു. മെയ് ഒന്നു മുതൽ 18 വയസ്സിന് മുകളിലുളള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.