കൊറോണ എയർലൈൻ കമ്പനികളെ സാരമായി ബാധിക്കുന്നു; വലിയ പ്രതിസന്ധിയെന്ന് ഖത്തർ എയർവേയ്‌സ് സിഇഒ

ഖത്തർ: കൊറോണ മഹാമാരി ആഗോളതലത്തിൽ എയർലൈൻ കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബാകർ. ‘ ഈ മഹാമാരി അവസാനിക്കുമ്പാഴേക്കും കുറച്ച് എയർലൈനുകൾ മാത്രമേ ശക്തമായി പ്രവർത്തിക്കൂ. ബാക്കിയുള്ളവ താഴേക്ക് പോവും. ഇത് തുടർന്നുകൊണ്ടേയിരിക്കും. കാരണം ഇതിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മളിതുവരെ കണ്ടിട്ടില്ല,’ അക്ബർ അൽ ബകർ പറഞ്ഞു.

കൊറോണ പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയർലൈനുകളുടെ പ്രവർത്തനം നിലയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു വരുന്നതിന് എയർലൈനുകളുടെ തിരിച്ചു വരവ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ രണ്ടാം തരംഗം രാജ്യങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അതോടൊപ്പം തന്നെ സുരക്ഷയിലുള്ള ആശങ്ക കാരണം യാത്രയ്ക്ക് അനുമതിയുള്ള രാജ്യങ്ങളിൽ നിന്നു പോലും ഇപ്പോൾ ആളുകൾ യാത്രകളോട് മുഖം തിരിക്കുന്നതും ഏവിയേഷൻ മേഖലയെ ബാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.