ഒരേ സമയം ചികിത്സയിൽ കഴിയുന്നവർ ഒന്നര ലക്ഷം വരെയാകാം; കൊറോണ രോഗതീവ്രതയ്ക്ക് കാരണം വൈറസിൻ്റെ ജനിതക വ്യതിയാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം കൊറോണ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് 3,00,971 പേരുടെ സാംപിളുകൾ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകൾ കൂടി ചേർന്നാണ് ശനിയാഴ്ച സംസ്ഥാനത്തെ റെക്കോർഡ് പ്രതിദിന വർധന രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഞായറാഴ്ച ലഭിക്കും. പ്രതിദിന വർധന 20,000 വരെയാകാമെന്നാണ് നിഗമനം.

രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച്‌ ഐസിയു – വെന്റിലേററർ സൗകര്യം വർധിപ്പിക്കാൻ സർക്കാർ ജില്ലകൾക്കു നിർദേശം നൽകി.

കേരളത്തിലെ രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് കൊറോണ വിദഗ്ധ സമിതിയംഗം ഡോ.ടി എസ് അനീഷ് അഭിപ്രായപ്പെട്ടു. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലുളളവരുടേയും എണ്ണം വർധിച്ചേക്കാം. ഇതു മുന്നിൽക്കണ്ട് സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച്‌ ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കും. ആവശ്യമുളളയിടങ്ങളിൽ സിഎഫ്‌എൽടിസികൾ തയാറാക്കാനും ജില്ലകൾക്ക് നിർദേശം നൽകും.

രാജ്യത്ത് ജനിതകവ്യതിയാനം സ്ഥിരീകരിച്ചതോടെ കേരളത്തിലും അത് സംശയിക്കുന്നുണ്ട്. ആവശ്യത്തിന് വാക്‌സീൻ ലഭിക്കുന്നില്ല എന്നതാണ് ഈ ഘട്ടത്തിൽ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടാമത്തെ ഡോസ് കൊടുക്കാൻ പോലും പലയിടത്തും മരുന്നു ലഭ്യമല്ല. 50 ലക്ഷം ഡോസ് വാക്‌സീനോടൊപ്പം ഭാവിയിൽ അവശ്യമരുന്നുകളും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്‌.