കൊറോണയിൽ വിറങ്ങലിച്ച് ഉത്തർ പ്രദേശ് ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു: ഞായറാഴ്ചകളിൽ ലോക്ഡൗൺ

ലക്‌നൗ: കൊറോണ വ്യാപനം കടുത്ത നിലയിലായിരിക്കുന്ന ഉത്തർപ്രദേശിൽ നിയന്ത്രണങ്ങളും കടുക്കുന്നു. ഞായറാഴ്ചകൾ ലോക്ഡൗൺ, മാസ്‌ക്ക് നിർബ്ബന്ധം തുടങ്ങിയ നിബന്ധനകൾ യോഗി ആദിത്യനാഥ് നിർദേശിച്ചു. മാസ്‌ക്ക് ധരിക്കാത്തവർക്ക് ആദ്യ തവണ 1000 രൂപയും വീണ്ടും പിടിച്ചാൽ 10,000 രൂപയുമാണ് പിഴ.

അവശ്യ സേവനങ്ങൾക്കും വസ്തുക്കൾക്കും ഒഴികെ ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണരൂക്ഷമായി ആക്രമിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറുകയാണ് ഉത്തർപ്രദേശ്. സ്‌കൂളുകൾ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസമാണ് യുപി സർക്കാർ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ എല്ലാ ബോർഡ് പരീക്ഷകളും മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച 22,439 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ചയും 20,510 ആയിരുന്നു പുതിയ കേസുകൾ. സംസ്ഥാനത്തെ പത്തു ജില്ലകളിൽ വൈകിട്ട് 7 മണി മുതൽ പുലർച്ചെ 8 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

ലക്‌നൗ, പ്രയാഗ്‌രാജ്, വാരണാസി, കാൺപൂർ നഗർ, ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ തുടങ്ങിയ ജില്ലകളിലാണ് കൊറോണ വ്യാപനത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വാരണാസിയിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും അകന്നു നിൽക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് കിട്ടിയ ആർടി പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണമെന്നും പറഞ്ഞിട്ടുണ്ട്.