കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
മരിക്കുന്നതിന് മുൻപ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈൽ എന്നിവർ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശവാസികളായ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഗീത് ഇന്ന് പിടിയിലായതോടെ ഇതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതിനിടെ മരിച്ച നിലയിൽ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിവയടക്കമുള്ളവയാണ് പരിശോധിക്കുന്നത്.