ന്യൂഡെൽഹി: രാജ്യാന്തര തരത്തിലും വാക്‌സിന്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊറോണ വാക്‌സിന്റെ ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് മരുന്ന് കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. ഇതിനായി ഇരുകമ്പനികളും കേന്ദ്രസർക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത മാസത്തോടെ പ്രതിമാസ ഉദ്പാദനം 100 മില്യൺ ഡോസ് ആക്കുമെന്ന് സെറം ഇൻസ്റ്റിറ്റിയൂട്ട് അറിയിച്ചു. പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസിൽ നിന്ന് അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കൊവാക്‌സിനും കൊവിഷീൽഡിനുമാണ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയുള്ളത്.
അതേസമയം രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 19 മില്യൺ ഡോസ് വാക്‌സിൻ വിതരണത്തിന് നൽകിയിട്ടുണ്ടെന്നും 24 മില്യൺ ഡോസ് സ്‌റ്റോക്ക് ഇപ്പോൾ നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.