ന്യൂഡെൽഹി: കൊറോണ വൈറസ് വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് വെള്ളിയാഴ്ച അറിയിച്ചത്. ഡെൽഹിയിൽ എല്ലാ ക്ലാസുകളും നിർത്തിവെച്ചിരിക്കുകയാണെങ്കിലും ഒൻപതാം ക്ലാസ് മുതൽ 12 -ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ സ്‌കൂളിൽ എത്താൻ അനുവാദം നൽകിയിരുന്നു. ബോർഡ് പരീക്ഷകൾ കണക്കിലെടുത്തായിരുന്നു ഇത്.
രാജ്യ തലസ്ഥാനത്ത് ഈ വർഷം ആദ്യമായി പ്രതിദിന കൊറോണ കേസുകൾ 7,000 കടന്നിരുന്നു. കൊറോണ രണ്ടാം തരംഗം കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിലും ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും രാത്രി കർഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.