ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു.
1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. 150–ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു.
1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952ൽ പിതാവ് ജോർജ് ആറാമൻ ദിവംഗതനായതിനെത്തുടർന്ന് ബ്രിട്ടീഷ് സിംഹാസനത്തിൻറെ അവകാശം എലിസബത്ത് രാജ്ഞിക്കായി. രാജ്ഞിയുടെ ഭർത്താവായതിനാൽ നേവിയിൽ കിട്ടേണ്ട ഉന്നത പദവികൾ നഷ്ടമായെന്നു ഫിലിപ്പു രാജകുമാരൻ പരിതപിക്കുകയുണ്ടായി.
എലിസബത്ത് രാജ്ഞിയുടെ പ്രധാനപ്പെട്ട വിദേശസന്ദർശനങ്ങളിലെല്ലാം ഫിലിപ്പ് രാജകുമാരനും ഒപ്പംചേരാറുണ്ട്. രാജദമ്പതികൾ മൂന്നുതവണ ഇന്ത്യയിലെത്തിയിരുന്നു. 1961 ലായിരുന്നു ആദ്യത്തെ ഇന്ത്യാസന്ദർശനം. 1983 ലും 1997 ലും വീണ്ടുമെത്തിയിരുന്നു.