ഇന്തോനേഷ്യയിൽ കത്തോലിക്കാ പള്ളിയിൽ ചാവേർ ആക്രമണം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മകാസറിലെ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ ഓശാന ഞായര്‍ ശുശ്രൂഷകൾ കഴിഞ്ഞിറിങ്ങിയ വിശ്വാസികൾക്കിടയിൽ ചാവേറുകളുടെ ആക്രമണം. സ്ഫോടനത്തില്‍ ഒരാൾ മരിച്ചതായും പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ദേവാലയ ശുശ്രൂഷകരും വിശ്വാസികളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്.

അതേസമയം ചാവേർ ആക്രമണം നടത്തിയത് രണ്ടു പേരാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. കുർബാന കഴിഞ്ഞയുടനായിരുന്നു ചാവേർ ആക്രമണം. ആക്രമണത്തിന് തൊട്ടുമുൻപ് രണ്ടുപേർ മോട്ടോർ ബൈക്കിൽ പള്ളി മൈതാനത്തേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. പിന്നീട് കുർബാന തീർന്നയുടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വിൽഹെമസ് തുലക് ഇന്തോനേഷ്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പള്ളിയുടെ മുന്നിൽ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും, ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സംഭവത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ അപലപിച്ചു. ഭീകരപ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളുടെ ശൃംഖലകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും അവയുടെ ഉറവിടങ്ങള്‍ മനസിലാക്കി നടപടിയെടുക്കാനും പോലീസ് മേധാവിയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാവരും ശാന്തത പാലിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഏത് തീവ്രവാദി വിഭാഗമാണ് ചാവേർ ആക്രമണം നടത്തിയതെന്ന് അന്വേഷണം തുടങ്ങിയതായി ദേശീയ പോലീസ് വക്താവ് ആർഗോ യുവോനോ പറഞ്ഞു. എന്നാൽ കഴിഞ്ഞ വര്‍ഷം ഫിലിപ്പീൻസിലെ ജോളോയിൽ ബോംബാക്രമണം നടത്തിയ സംഘത്തിലുള്ള കുറ്റവാളികളാണ് ചാവേര്‍ സ്ഫോടനം നടത്തിയതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ ഏജൻസി മുൻ മേധാവി അൻസ്യാദ് എംബായ് പറഞ്ഞു.

ചാവേറുകൾ ബൈക്കിൽ എത്തി ദേവാലയത്തില്‍ പാഞ്ഞു കയറി ആക്രമണം നടത്തുകയായിരിന്നു വെന്നാണ് പ്രാഥമിക വിവരം.

പള്ളിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓശാന ഞായര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ചർച്ചസ് മേധാവി ഗോമർ ഗുൽറ്റോം പറഞ്ഞു. ശാന്തത പാലിക്കാനും അധികാരികളുടെ നിര്ദേശങ്ങള്‍ പാലിക്കുവാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

2002 ൽ ടൂറിസ്റ്റ് ദ്വീപായ ബാലിയിലാണ് ഇന്തോനേഷ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത്. വിദേശ വിനോദ സഞ്ചാരികളുൾപ്പടെ 202 പേരാണ് അന്ന് കൊല്ലപ്പെട്ടത്.