ബംഗളൂരു: കർണാടകയ്ക്കു പുറത്തുനിന്നും എത്തുന്നവർക്ക് ബംഗളൂരുവിൽ പ്രവേശിക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മന്ത്രി ഡോ. കെ. സുധാകർ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാർ എത്തുന്നതിനാലാണ് കേസുകൾ വർധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് മാത്രമായിരുന്നു കൊറോണ സർട്ടിഫിക്കറ്റ് ബാധകമായിരുന്നത്.
വ്യാഴാഴ്ച മുതൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തണം. ബംഗളൂരുവിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. ബുധനാഴ്ച ബംഗളൂരുവിൽ 1,400 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
നാല് മാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. രോഗബാധിതരെ തിരിച്ചറിയാൻ രോഗികളുടെ കൈത്തണ്ടയിൽ മുദ്ര കുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക കൂടിച്ചേരലുകളിൽ അടച്ചിട്ട ഹാളിൽ 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ. തുറന്ന സ്ഥലത്തെ പരിപാടികളിൽ 500 പേരെ പങ്കെടുപ്പിക്കാം.