ഓക്ക്‌ലൻഡ്: കൊറോണ മുക്തമായ ന്യൂസീലൻഡിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം . ഇതേ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ഓക്ക്‌ലൻഡിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
കൊറോണ വൈറസിന്റെ യുകെ വകഭേദം ബാധിച്ച മൂന്നു പേർ രാജ്യത്ത് എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓക്ക്‌ലൻഡിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴ് ദിവസത്തേക്കു കൂടി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
അസുഖബാധിതർ വിവിധ പൊതു ഇടങ്ങൾ സന്ദർശിച്ചു എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഉറവിടം അറിയാത്ത കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറഞ്ഞു.
ജോലി ആവശ്യങ്ങൾക്ക് വേണ്ടിയോ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടിയോ മാത്രമേ ലോക്ക്ഡൗൺ കാലയളവിൽ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. പൊതു ഇടങ്ങൾ അടഞ്ഞുകിടക്കും. ഓക്ക്‌ലൻഡിൽ നടക്കുന്ന ന്യൂസീലൻഡ്-ഓസ്ട്രേലിയ രാജ്യാന്തര ടി-20 ക്രിക്കറ്റ് മത്സരത്തിൽ കാണികളെ അനുവദിക്കില്ല.