വ്യോമസേനാ വിമാനം തകർന്ന് വീണ് മെക്സിക്കോയിൽ ആറ് സൈനികർ കൊല്ലപ്പെട്ടു

മെക്‌സിക്കോ: വ്യോമസേനാ വിമാനം തകർന്ന് വീണ്ടുണ്ടായ ദുരന്തത്തിൽ മെക്സിക്കോയിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കയിൽ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് വിമാന അപകടം. മെക്‌സിക്കൻ സംസ്ഥാനമായ വേരാക്രൂസിലെ മുൻസിപ്പൽ മേഖലയായ എമിലിയാനോ സപാറ്റയിലാണ് വിമാനം തകർന്നു വീണത്.

ദേശീയ പ്രതിരോധ വിഭാഗമാണ് ദുരന്തവിവരം അറിയിച്ചത്. മെക്‌സിക്കൻ വ്യോമ സേനയുടെ ലിയർ ജെറ്റ് 45 എന്ന വിമാനമാണ് തകർന്നുവീണത്. എൽ ലെൻസെറോ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ദുരന്തത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ കമ്മീഷൻ അറിയിച്ചു.

ഇന്നലെ യാത്രാവിമാന ദുരന്തത്തിൽ നിന്നും അമേരിക്ക രക്ഷപെട്ടിരുന്നു. ഡെൻവർ വിമാനത്താവളത്തിലേക്ക് എഞ്ചിൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കിയിരുന്നു. 200 ലേറെ പേർ സഞ്ചരിച്ചിരുന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.