പട്ടാള അട്ടിമറി ; മ്യാൻമാറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും ന്യൂസിലാൻഡ് ഉപേക്ഷിച്ചു

ഓക്‌ലൻഡ്: ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച്‌ ഭരണം പട്ടാളം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ മ്യാൻമാറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും ന്യൂസിലാൻഡ് ഉപേക്ഷിക്കുന്നുവെന്ന് പ്രദാനമമന്ത്രി ജസീന്ത ആർഡൻ. സൂചി ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളെയും തടവിൽ നിന്ന് മോചിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കാൻ പട്ടാളം തയ്യാറാകണമെന്നും ജസീന്ത ആവശ്യപ്പെട്ടു.

മ്യാൻമാറിലെ സൈനിക ഭരണകൂടത്തിന് യാതൊരു സഹായവും നൽകില്ലെന്നും സൈനിക മേധാവികൾക്ക് യാത്രവിലക്കും ഏർപ്പെടുത്തിയെന്നും ജസീന്ത അറിയിച്ചു.അതേസമയം മ്യാൻമാറിനു നൽകുന്ന സാമ്പത്തിക സഹായം സൈനിക ഭരണകൂടത്തിന് സഹായകരമാകുന്ന വിധത്തിൽ ആയിരിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ജസീന്ത പറഞ്ഞു.

2018 മുതൽ 2021 വരെ മ്യാൻമാറിനു ന്യൂസിലൻഡ് അനുവദിച്ചത് 30 ദശലക്ഷം ഡോളറായിരുന്നു.ബ്രിട്ടീഷ് ഭരമകൂടത്തിൽ നിന്ന് 1962 ൽ മോചിതരായ മ്യാൻമാർ 2010 മുതൽ ഒരു പതിറ്റാണ്ട് ഭാഗിക ജനാധിപത്യത്തിന്റെ ഭാഗമായ ശേഷമാണ് വീണ്ടും പട്ടാളം ഭരണം പിടിച്ചെടുത്തത്.

സർക്കാരിനെ അട്ടിമറിച്ച പട്ടാളം രാജ്യത്ത് ഇന്റർനെറ്റ് നിരോധിക്കുകയും ലാൻഡ് ഫോണുകളും പലഭാഗത്ത് ലഭ്യമാക്കാതിരിക്കുകയും ചെയ്തു. ഫെബ്രുവരി ഒന്നു മുതൽ ആങ് സാങ് സൂചിയും പ്രസിഡന്റ് വിൻ മിന്റും വീട്ടുതടങ്കലിലാണ്.