തിരുവനന്തപുരം: കൊറോണ പരിശോധന വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാനാകാതെ സര്‍ക്കാര്‍. ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് കാരണം. കൊറോണ വ്യാപനം ഒരു വർഷം കഴിയുമ്പോഴും സർക്കാരിൻ്റെ ജാഗ്രതക്കുറവാണ് ഇതിലൂടെ പുറത്തു വരുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശത്തിനും പുല്ലുവില പോലുമില്ല.
ഒക്ടോബര്‍ ഏഴിനും ജനുവരി 27 നും ആര് ടി പി സി ആര് പരിശോധന കൂട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. 75000 ഉം കൂടുതല്‍ കൃത്യതയുളള ആര് ടി പി സി ആര് ആയിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. എങ്ങനെ നടപ്പാക്കുമെന്ന് മാത്രം ആര്‍ക്കുമറിയില്ല. ഇതുവരെ ഒരു ദിവസം നടത്തിയ ആര് ടി പി സി ആര് പരിശോധനകളുടെ കൂടിയ എണ്ണം 23000 മാത്രമാണ്.
ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന സംവിധാനങ്ങളുളള തിരുവനന്തപുരം ജില്ലയില്‍ പരാമാവധി ചെയ്യാനാകുക 1270 ആണ്. വേണ്ടത്ര ലാബുകളോ ഉപകരണങ്ങളോ ഇല്ല. ഉളളവയുടെ ശേഷി കൂട്ടണമെങ്കിലും സമയവും പ്രയത്നവും കാര്യമായി വേണം. ഫലത്തിന് കൃത്യത കുറവാണെങ്കിലും കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാനാകുന്ന ആന്റിജന്‍ പരിശോധനയെ ആശ്രയിച്ചതാണ് സംസ്ഥാനത്തിന് പററിയ പിഴവ്.
കൊറോണ വ്യാപനത്തിന്റെ തുടക്കത്തില്‍ത്തന്നെ തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങള്‍ ആര്‍ടിപിസിആര്‍ സൗകര്യം വര്‍ധിപ്പിച്ചു. മാസ്ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന പാഠങ്ങളിലേയക്ക് മടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു ശേഷവും എല്ലാം മറക്കുന്ന കാഴ്ചയാണ് തെരുവുകളില്‍.
പലയിടങ്ങളിലും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ആള്‍ക്കൂട്ടങ്ങള്‍. ജില്ലാ കലക്ടര്‍മാരുമായി ആലോചിച്ച് തിരക്ക് നിയന്ത്രിക്കാന്‍ ഡി എം ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം കൊറോണ വരുതിയിലാക്കാമെന്ന സര്‍ക്കാര്‍ പ്രതീക്ഷയും തെററും.