സന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മാഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജനുവരി 28നാണ് പ്രതിമ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഒരു വ്യക്തി ആക്രമിച്ച് തകര്‍ത്തത്. പ്രതിമയുടെ തല വേര്‍പ്പെട്ട നിലയിലാണ്. പ്രതിമ അക്രമി മറിച്ചിട്ടുവെന്നും ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സിറ്റി ഓഫ് ഡെവിസില്‍ 2016 ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉപഹാരമായി ഗാന്ധി പ്രതിമ നല്‍കിയത്.
ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ആറ് അടിയോളം പൊക്കമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് സിറ്റി ഓഫ് ഡേവിസിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്നത്. ഈ പ്രതിമ അതിന്റെ പീഠത്തില്‍ നിന്നും ഇളക്കി തള്ളിമറിച്ചിട്ട നിലയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു, ലോകത്തിന്റെ മുന്നിലെ സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.
സംഭവത്തിലെ കുറ്റക്കാരെ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വാഷിംങ്ടണിലെ ഇന്ത്യന്‍ എംബസി യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സിലേറ്റ് പ്രത്യേകം പ്രദേശിക പൊലീസ് സംവിധാനങ്ങളുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും, ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് സിറ്റി ഓഫ് ഡേവിസ് മേയര്‍, സംഭവത്തില്‍ വിശദമായ അന്വേഷണം ഉറപ്പുനല്‍കിയിട്ടുണ്ട്.