തിരുവനന്തപുരം: തുടർച്ചയായി കൊറോണ വാക്‌സിനേഷനുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. നാളെ മുതൽ ആഴ്ച്ചയിൽ നാല് ദിവസങ്ങളിലാണ് കുത്തിവയ്പ്പ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് നടക്കുക. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാൽ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയത്.
ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ച 8062 ആരോഗ്യ പ്രവർത്തകരിൽ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെശൈലജ അറിയിച്ചു.ആരോഗ്യ പ്രവർത്തകരുടെ വാക്‌സിനേഷൻ പൂർത്തിയായാൽ വിവിധ സേനാംഗങ്ങൾ, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ നൽകും.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.
പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.
ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്എംഎസ് ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്.
വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.