ഒട്ടാവ: നിരവധി പുസ്തകങ്ങൾക്കും കളിപ്പാട്ട നിർമാണ കമ്പനികൾക്കും പ്രചോദനമായ മനുകുറ എന്ന വെള്ള കിവിപ്പക്ഷി ഞായറാഴ്ച ചത്തു. കിവിപക്ഷിവർഗത്തിൽ ലോകത്തിലെ അപൂർവ വെള്ളകിവിയായിരുന്നു മനുകുറ. ‘ഏറ്റവും ദുഃഖകരമായ ദിവസ’മെന്നാണ് മനുകുറയെ സംരക്ഷിച്ചിരുന്ന പുകാഹ ദേശീയ വന്യജീവി സങ്കേതം ആ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ന്യൂസിലാൻഡിന്റെ ദേശീയപക്ഷിയായ കിവി സാധാരണയായി തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. 2011 ലാണ് വെള്ള നിറത്തിലുള്ള മനുകുറയും മപുനയും വിരിഞ്ഞത്. ആദ്യവർഷത്തിൽ മനുകുറ ആൺപക്ഷിയാണെന്ന് കരുതപ്പെട്ടിരുന്നു. പിന്നീടുള്ള ഡിഎൻഎ പരിശോധനയിലാണ് മനുകുറ പെൺപക്ഷിയാണെന്ന് തിരിച്ചറിഞ്ഞത്.
ആമാശയത്തിലെ വളർച്ച പൂർത്തിയാകാത്ത മുട്ട നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഡിസംബർ ആദ്യം മനുകുറ വിധേയമായിരുന്നു. ഇതേ തുടർന്ന് കിവിയുടെ ആരോഗ്യനില ക്രമേണ ക്ഷയിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാനും മനുകുറ വിമുഖത പ്രകടിപ്പിച്ചിരുന്നു.
പുകാഹ വന്യജീവി സങ്കേതത്തിന്റെ അംബാസിഡറായിരുന്ന മനുകുറയുടെ പേരിൽ ഫെയ്സ്ബുക്ക് പേജുണ്ട്. വംശനാശഭീഷണി നേരിടുന്ന കിവി വർഗത്തിന്റെ പ്രതിനിധിയായും മനുകുറയെ അവരോധിച്ചിരുന്നു.
പറക്കാനാവാത്ത ഈ പക്ഷി വർഗത്തിന് 25-50 വർഷം വരെയാണ് ആയുർദൈർഘ്യം. എന്നാൽ 10 വർഷത്തോളം മാത്രം കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായി നിലനിൽക്കാൻ ഭാഗ്യമുണ്ടായ മനുകുറയെ കുറിച്ചുള്ള വിഷമത്തിലാണ് ആരാധകർ.