ന്യൂഡെൽഹി: ബ്രിട്ടണിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയവരിൽ ആറ് യാത്രക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതാണ് കൂടുതൽ ആശങ്കയ്ക്ക് വഴിവെക്കുന്നത്. ഇതൊടെ യുകെയിൽ നിന്നെത്തി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമാണോയെന്നറിയാൻ ഇവരുടെ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധിക്കും. ഡെൽഹിക്ക് പുറമെ അമൃതസർ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിൽ എത്തിയവർക്കും രോഗബാധയുണ്ട്. ബ്രിട്ടനിൽ നിന്നെത്തിയ വിമാന ജീവനക്കാർ അടക്കമുള്ളവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഓക്സ്ഫഡ് സർവ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്സിന് അടുത്തയാഴ്ച്ച അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം. അധിക വിവരങ്ങൾ സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെയാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്കാൻ ഉന്നതതലത്തിൽ ആലോചനയുണ്ടായത്. ഓക്സ്ഫഡ് സർവകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നൽകുന്ന ആദ്യ രാജ്യമാകും ഇന്ത്യ.