ആംസ്റ്റർഡാം: കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അനിയന്ത്രിതമാം വിധം പടർന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാൻകോക്ക് അറിയിച്ചു.
വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനിൽനിന്നുള്ള വിമാനയാത്രയ്ക്ക് നെതർലൻഡ്സ് വിലക്കേർപ്പെടുത്തി. ബെൽജിയം ഇന്നലെ അർധരാത്രിമുതൽ 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികയാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തുനടത്തിയ പരിശോധനയിലും ചിലരിൽ കണ്ടെത്തിയതോടെയാണ് നെതർലൻഡ്സിന്റെ നടപടി.
വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയനോട് ചേർന്നുപ്രവർത്തിക്കുമെന്നും ഡച്ച് സർക്കാർ അറിയിച്ചു. കൊറോണ പടരുന്ന സാഹചര്യത്തിൽ നെതർലാൻഡ്സിലും ജർമനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്.
കൊറോണ സാഹചര്യത്തിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.