ടെഹ്റാൻ: ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫഖ്രിസാദേഹിനെ കൊലപ്പെടുത്തിയത് നിർമ്മിത ബുദ്ധിയിലൂടെ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് കൺട്രോൾ യന്ത്രത്തോക്ക് ഉപയോഗിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ റിയർ അഡ്മിറൽ അലി ഫദവി മാധ്യമങ്ങളോട് പറഞ്ഞു.
ഫഖ്രിസദേഹിന്റെ 10 ഇഞ്ച് മാത്രം അടുത്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരത്തിൽ ഒറ്റവെടി പോലും കൊണ്ടില്ല. അത്യാധുനിക ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിത ബുദ്ധിയിലൂടെ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് കൺട്രോൾ യന്ത്രത്തോക്കുകൾക്ക് മാത്രമാണ് ഇത്ര കൃത്യമായി കാര്യങ്ങൾ ചെയ്യാനാകുകയെന്നും അലി ഫദവി പറഞ്ഞു.
ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നിൽ റിമോർട്ട് കൺട്രോൾ തോക്കുകളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ ഭാര്യയോടൊപ്പം ടെഹ്റാനിലെ ഹൈവേയിലൂടെ സഞ്ചരിക്കവെയാണ് അദ്ദേഹത്തിന്റെ മുഖം ലക്ഷ്യമാക്കി 13 റൗണ്ട് വെടിയുതിർത്തതെന്ന് റിയർ അഡ്മിറൽ അലി ഫദവി പറഞ്ഞു.
ഫക്രിസാദേയെ രക്ഷിക്കാൻ വേണ്ടി മുന്നിലേക്ക് എടുത്തുചാടിയ സുരക്ഷാ ജീവനക്കാരുടെ തലവന് നാല് വെടിയുണ്ടകളേറ്റു. മറ്റ് തീവ്രവാദി സാന്നിധ്യങ്ങളൊന്നും പരിസരത്ത് ഉണ്ടായിരുന്നില്ല.
ഇസ്രായേലിനെയും നിരോധിത സംഘടനയായ പീപ്പിൾസ് മുജാഹിദ്ദീൻ ഒഫ് ഇറാൻ എന്ന സംഘടനയെയുമാണ് കൊലപാതകത്തിൽ ഇറാൻ പഴിചാരുന്നത്. സംഭവ സ്ഥലത്തുനിന്ന് ഇസ്രായേൽ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.