കൊറോണ പ്രതിരോധം; ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍

ന്യൂഡെൽഹി: കൊറോണയ്ക്കെതിരായ പ്രതിരോധത്തിൽ ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. പരീക്ഷണത്തിൽ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്സിനാണ് ഫൈസർ.

ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യുന്നതിന് ഡ്രഗ്സ് കൺട്രോളർക്ക് അടിയന്തര അനുമതി തേടി ഫൈസർ കമ്പനി അപേക്ഷ നൽകി. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയിൽ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. അടിയന്തരമായി വാക്സിൻ വിതരണത്തിന് അനുമതി തേടി ഡിസംബർ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസർ ഇന്ത്യ അപേക്ഷ നൽകിയത്.

ബ്രിട്ടനും ബഹ്റൈനും ഫൈസറിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

അഞ്ച് കൊറോണ പ്രതിരോധ വാക്സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്സിനും ഓക്സ്ഫഡിന്റെ അസ്ട്രാസെനക വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.