മെയ്ഡ്ഗുരി: വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം – ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 43 പേരെ കഴുത്തറുത്താണ് കൊന്നത് . പത്ത് സ്ത്രീകളെയെങ്കിലും കാണാതായി. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
ഈ വര്‍ഷം സിവിലിയന്മാര്ക്കെതിരെ നടന്ന ഏറ്റവും വലിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണമാണ് ഇതെന്നാണ് യുഎന്‍ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറഞ്ഞു. ഈ മനുഷ്യത്വ രഹിത പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഭരണകൂടത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാടത്ത് വിളവെടുത്തുകൊണ്ടു നിന്ന ഗ്രാമവാസികൾക്കുനേരെ മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ആക്രമണം നടത്തിയത്. ജീവനുവേണ്ടി കൈകൂപ്പി യാചിച്ചവരെപ്പോലും അവർ വെറുതേ വിട്ടില്ല. വിവരമറിഞ്ഞ് സൈന്യം സ്ഥലത്തെത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ഓടിപ്പോകാൻ ശ്രമിച്ച ചിലരെ പിടികൂടി കൈ പിറകിൽ ബന്ധിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
യുഎൻ അധികാരികളുടെ റിപ്പോർട്ട് പ്രകാരം സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട തൊഴിലാളികളിൽ ഭൂരിഭാഗവും നൈജീരിയയിലെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ സൊകോട്ടോയിൽ നിന്നുള്ളവരാണ്. ഇവർ ജോലിക്കായാണ് 1,000 കിലോമീറ്ററോളം താണ്ടി എത്തിയത്. ആറുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനൊപ്പം തന്നെ ഇനിയും നിരവധിപ്പേരെ കണ്ടെത്താനുണ്ട്, അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഐഎസിന്റെ പ്രവര്‍ത്തനം നൈജീരിയില്‍ വ്യാപകമായ ശേഷം സമീപകാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം വ്യത്യസ്ത സ്ഥലങ്ങളിലായി 22 കര്‍ഷകരെ ഭീകരര്‍ വധിച്ചിരുന്നു.
നൈജീരിയയിലെ കുപ്രസിദ്ധമായ തീവ്രവാദി ഗ്രൂപ്പാണ് ബൊക്കോ ഹറം- ഇസ്ലാമിക് സ്റ്റേറ്റ് . കഴിഞ്ഞ പത്തുവർഷത്തിനിടെ മുപ്പതിനായിരത്തിലേറെപ്പേരാണ് ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനൊപ്പം ആയിരക്കണക്കിന് പട്ടാളക്കാരും ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ വർഷം ആദ്യപകുതിയിൽ മാത്രം 800 പട്ടാളക്കാരാണ് തീവ്രവാദികളുടെ താേക്കിനിരയായത്. ദരിദ്രരാജ്യമായ നൈജീരിയയെ തീവ്രവാദികളുടെ ആക്രമണങ്ങൾ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് തളളിവിട്ടുകൊണ്ടിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
ഭീകരര്‍ കൊന്നുതള്ളിയത് രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരെയാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടക്കൊലയുടെ ഞെട്ടലിലാണ്. കൊല്ലപ്പെട്ട മുഴുവന്‍ കര്‍ഷകരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുകയാണെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദൂ ബുഹാരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തീവ്രവാദികൾ അത്യന്താധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഇവരോട് പിടിച്ചുനിൽക്കാൻ പലപ്പോഴും സൈന്യത്തിന് ആവുന്നില്ല. ആവശ്യത്തിന് പണമില്ലാത്തിനാൽ സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ വാങ്ങാൻ പോലും രാജ്യത്തിനാവുന്നില്ലെന്നാണ് റിപ്പോർട്ട്.