ലണ്ടൻ: കൊറോണ ബാധിച്ച് രോഗമുക്തരായവർക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.
രോഗം ഭേദമായ ചിലർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച ഒറ്റപ്പെട്ട കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കൊറോണ വീണ്ടും വരാനുള്ള സാധ്യത വളരെ അപൂർവ്വമാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ പഠന റിപ്പോർട്ട്.
‘ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. കൊറോണ ബാധിച്ച് രോഗമുക്തരായവർക്ക് കുറച്ച് കാലത്തേക്കെങ്കിലും രോഗം വീണ്ടും വരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിലവിൽ ആന്റിബോഡിയുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ യാതൊരു രോഗലക്ഷണവും കണ്ടെത്താൻ സാധിച്ചില്ല’ – ഓക്സ്ഫോർഡ് സർവ്വകലാശാല പ്രൊഫ. ഡേവിഡ് ഐർ വ്യക്തമാക്കി.
ആന്റിബോഡി ഇല്ലാത്ത 11,052 പേരില്‍ നടത്തിയ പഠനത്തില്‍ 89 പേരില്‍ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല. ആന്റിബോഡിയുള്ളവര്‍ക്ക് ലക്ഷണമില്ലാതെ കൊറോണ പോസിറ്റീവാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ പറയുന്നു.