ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷ കൗൺസിലിൽ ഭീകരരുടെ സംരക്ഷണ കേന്ദ്രങ്ങൾ തുറന്നുകാട്ടി ഇന്ത്യയുടെ പ്രതിനിധി ടിഎസ് തിരുമൂർത്തി. അഫ്ഗാനിലെ ഭീകരതയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താനേയും പാക് പിന്തുണയോടെ ഭീകരാക്രമണങ്ങൾ നടത്തുന്ന സംഘടനകളേയും യോഗത്തിൽ ഇന്ത്യ രൂക്ഷമായി വിമർശിച്ചു.
സുരക്ഷാ കൗൺസിൽ - ഭീകരത ഇല്ലാതാക്കാനുള്ള പ്രായോഗിക പദ്ധതികള്‍ എന്ന വിഷയത്തിലാണ് ഇന്ത്യ ഇസ്ലാമിക ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങളും അവര്‍ക്ക് സംരക്ഷണമൊരുക്കുന്ന രാജ്യങ്ങള്‍ ലോകത്തിനുണ്ടാക്കുന്ന ഭീഷണിയും ഉദാഹരണസഹിതം നിരത്തിയത്.
അഫ്ഗാനില്‍ സമാധാന ചര്‍ച്ച നടന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ സുരക്ഷാ കൗണ്‍സില്‍ എന്ത് നടപടിയാണെടുത്തതെന്ന് ഇന്ത്യ ചോദിച്ചു. ഒരു വശത്ത് സമാധാനവുമായി വന്‍ശക്തികള്‍ മുന്നോട്ട് പോകുന്നു. മറുവശത്ത് അഫ്ഗാനിലും ലോകത്തിന്റെ പലഭാഗത്തും സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികള്‍ മരിച്ചുവീഴുന്നു. ഇത്തരം സംഭവങ്ങളില്‍ ഉടന്‍ ഇടപെടാനും നടപടിയെടുക്കാനും ആഗോളതലത്തില്‍ സുരക്ഷാ കൗണ്‍സില്‍ ശക്തമാകണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
സമാധാന ചര്‍ച്ചകളും അക്രമവും ഒരുമിച്ച് പോകില്ല. ഭീകര സംഘടനകളേയും അവരുടെ താവളങ്ങളേയും തകര്‍ക്കാതെ സമാധാന ശ്രമങ്ങള്‍ക്ക് പോകുന്നതിന്റെ അര്‍ത്ഥശൂന്യതയും ഇന്ത്യ ചൂണ്ടിക്കാട്ടി.