അലാസ്ക: അടുത്ത രണ്ട് മാസത്തേക്ക് പകല്‍വെളിച്ചത്തോട് ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് ഈ അലാസ്കന്‍ ഗ്രാമം. വ്യാഴാഴ്ചയാണ് നേരത്തെ ബാരോ എന്നറിയപ്പെട്ടിരുന്ന ഉട്ക്വിയാഗിക് എന്ന നഗരത്തില്‍ അവസാനമായി സൂര്യനുദിച്ചസ്തമിച്ചത്. ഇനി സൂര്യനെ കാണണമെങ്കില്‍ ഇവിടുത്തുകാര്‍ക്ക് രണ്ട് മാസം അഥവാ 60 ദിവസം കാത്തിരിക്കണമെന്ന് ചുരുക്കം.
ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന വടക്കന്‍ അലാസ്കന്‍ ഗ്രാമമാണിത്. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. വേനല്‍ക്കാലത്താവട്ടെ രണ്ട് മാസത്തേക്ക് ഇവിടെ സൂര്യന് അസ്തമിക്കുകയേ ഇല്ല.
സൂര്യനുദിക്കുകയില്ല എന്നതിന് മുഴുവനും ഇരുട്ടായിരിക്കും എന്ന് അര്‍ത്ഥമില്ല. നേരിയ വെളിച്ചമുണ്ടാകും. അതായത്, സൂര്യന് ഉദക്കുന്നതിന് തൊട്ടുമുമ്പും സൂര്യനസ്തമിച്ചതിന് തൊട്ടുശേഷവും എങ്ങനെയായിരിക്കുമോ അതുപോലെയാവും പകല്നേരങ്ങളെല്ലാം. ‘ഔദ്യോഗിക’മായി ഇനിയിവിടെ സൂര്യനുദിക്കണമെങ്കില്‍ ജനുവരി 22 കഴിയണം. സൂര്യനുദിക്കുമെങ്കിലും ഫെബ്രുവരി ആദ്യത്തെ ആഴ്ച വരെ മിനുട്ടുകള്‍ മാത്രമേ സൂര്യോദയം നീണ്ടുനില്‍ക്കൂ.
വടക്കന്‍ അലാസ്കയുടെ മൂന്നിലൊരു ഭാഗവും ആര്‍ട്ടിക് സര്‍ക്കിളിലാണ്. അതിനാല്‍ത്തന്നെ ഉട്ക്വിയാഗിക്കിലാണ് ആദ്യം സൂര്യനസ്തമിക്കുന്നതും. എന്നാല്‍, സൂര്യനുദിക്കാത്ത ഏക ഗ്രാമമല്ല ഉട്ക്വിയാഗ്വിക്. എന്നാല്‍, ഏറ്റവുമധികം നേരം ഇങ്ങനെ സൂര്യനുദിക്കാതെ നില്ക്കുന്ന ഗ്രാമം ഇതാണ്. അലാസ്കയിലെ അനക്റ്റുവക് പാസ്, കാക്റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്.