തന്റെ വിജയം തടയാൻ കൊറോണ വാക്സിൻ വിജയകരമാണെന്ന പ്രഖ്യാപനം ഫൈസർ മനഃപൂർവം വൈകിപ്പിച്ചു: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി ഫൈസറിന്റെ കൊറോണ വാക്സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറും മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നു പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിൻ വിജയം’ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. അതിനാൽ തിരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഇതിനാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടാണ് എന്നും ട്രംപ് പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബഹുരാഷ്ട്ര അമേരിക്കൻ മരുന്നുകമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിൻ 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതർ പ്രഖ്യാപിച്ചത്. ജർമൻ മരുന്നുകമ്പനിയായ ബയേൺടെക്കുമായി ചേർന്ന് വികസിപ്പിച്ച ബി.എൻ.ടി.162ബി.2 എന്നുപേരുള്ള വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണുള്ളത്.

വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകി ഏഴുദിവസത്തിനുള്ളിലും ആദ്യ ഡോസിനുശേഷം 28 ദിവസത്തിനുള്ളിലും രോഗികളിൽ സുരക്ഷ ഉറപ്പാക്കാനായെന്ന് തെളിഞ്ഞതായി ഫൈസർ ചെയർമാൻ ആൽബർട്ട് ബൗർള തിങ്കളാഴ്ച അറിയിച്ചിരുന്നു. 2020-ൽ അഞ്ചുകോടി വാക്സിനും 2021-ൽ 130 കോടിയും ആഗോളതലത്തിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.