വാഷിംഗ്ടണ്‍: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡൻ്റാകുമെന്ന് സൂചന. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്റാകും ബൈഡന്. ബൈഡന് 273 ഇലക്ടറല്‍ വോട്ടു ലഭിച്ചെന്നും ഡോണള്‍ഡ് ട്രംപിന് നിലവില്‍ 214 ഇലക്ടറല്‍ വോട്ടേ ലഭിച്ചുള്ളുവെന്നുമാണ് സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യൻ വംശജ കമലാ ഹാരിസാകും യു എസ് വൈസ് പ്രസിഡൻ്റ്.
എന്നാൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കോടതി ഇടപെടലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലഭ്യമായ സൂചനകൾ പ്രകാരം പല സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ തുടരുകയാണെന്നറിയുന്നു.ഡൊണാൾഡ് ട്രംപിനെ പൂർണ്ണമായും എഴുതി തള്ളാറായിട്ടില്ലെന്ന് ചില നിരീക്ഷകരും വിലയിരുത്തുന്നു.
ഡെമോക്രാറ്റുകൾ വിജയിച്ചെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്ന് റിപ്പബ്ളിക്കുകളടക്കം കുറ്റപ്പെടുത്തുന്നു.
അതേസമയം ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന 2009 മുതൽ 2017 വരെ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. അന്നത്തെ അനുഭവ പരിചയവും ജനസമ്മതിയും ഭരണത്തിൽ തുണയാകുമെന്നു ബൈഡനും പാർട്ടിയും വിശ്വസിക്കുന്നു.
പെന്‍സില്‍വേനിയയിലെ ഇലക്ടറല്‍ വോട്ടുകള്‍ നേടിയതോടെയാണ് ബൈഡന് പ്രസിഡന്റ് പദം ഉറപ്പിച്ചതെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതോടെ ബൈഡന് ആകെ 273 ഇലക്ടറല്‍ വോട്ടുകളായിയെന്ന് വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസു മടക്കമുള്ള മാധ്യമങ്ങൾ വ്യക്തമാക്കുമ്പോൾ ഇതിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപെട്ടിട്ടുണ്ട്. എന്തായാലും യുഎസ് രാഷ്ട്രീയത്തിലെ ചിരപരിചിതമായ മുഖമായ ബൈഡനു രാജ്യാന്തര, പാർലമെന്ററി പ്രവർത്തനങ്ങളിൽ വളരെ വലിയ അനുഭവസമ്പത്തുമുണ്ട്. പുരോഗമനവാദിയും പ്രായോഗികവാദിയുമാണ്.
സ്ത്രീപക്ഷക്കാരനായി അറിയപ്പെടുന്ന ബൈഡന്‍, 36 വര്‍ഷം സെനറ്റ് അംഗമായിരുന്നു. ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതു ബൈഡന്റെ താൽപര്യമായിരുന്നു.