ഒപ്പം ഒപ്പത്തിനൊപ്പം; ട്രംപോ ബൈഡനോ; അമേരിക്കയിൽ അന്തിമ വിധിയെഴുത്തിന് മണിക്കൂറുകൾ ; ആകാംഷയോടെ ലോകം

വാഷിംഗ്ടൺ: പ്രവചനങ്ങൾ അസാധ്യമാക്കിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെ അന്തിമവിധിയെഴുത്തിന് ഇനി മണിക്കൂറുകൾ ബാക്കി. അവസാന മണിക്കൂറുകളിൽ ട്രംപും ബൈഡനും ഒപ്പത്തിനൊപ്പമാണ്. ലോകമെമ്പാടും ഉറ്റുനോക്കുന്ന നിർണായക പോരാട്ടമാണിത്. രാജ്യമൊട്ടാകെയുള്ള പ്രചാരണപരിപാടികളിലായിരുന്നു ഇരു നേതാക്കളും അവസാന മണിക്കൂറുകളിൽ.

അഞ്ച് സ്റ്റേറ്റുകളില്‍ പ്രസിഡന്റ് ട്രംപ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ ഏറെ നിര്‍ണായകമായ പെന്‍സില്‍വേനിയയിലാണ് ബൈഡന്‍ അവസാനം ശ്രദ്ധ ചെലുത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് നേട്ടമെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും സംയുക്തമായി നടത്തിയ പോളില്‍ നാല് നിര്‍ണായക സ്വിങ് സ്‌റ്റേറ്റുകളിലാണ് ബൈഡന്‍ നേട്ടമുണ്ടാക്കിയത്.

വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, അരിസോണ എന്നിവിടങ്ങളിലാണ് ബൈഡന്‍ മുന്നിലായത്. ഇരുപാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള സ്ഥലങ്ങളാണിത്. എന്നാൽ ഇതിനെ അടിസ്ഥാനമാക്കി വിലയിരുത്തൽ അസാധ്യമായിട്ടുണ്ട്.