കൊറോണ ഭേദമാകാൻ പൊടിക്കൈകൾ ; മുന്നറിയിപ്പുമായി യുഎഇ പ്രതിരോധ മന്ത്രാലയം

ദുബൈ: കൊറോണ ചികിത്സയുടെ പേരില്‍ വിവിധ ഓണ്‍ലൈന്‍ ചാനലുകളിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം രംഗത്ത്. കൊറോണ ഭേദമാക്കാനുള്ള പൊടിക്കൈകളെന്ന പേരില്‍ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെയാണ് യുഎഇ രംഗത്തെത്തിയത്.

കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ അധികൃതരെ അറിയിക്കുന്നതിന് പകരം ചില വൈറ്റമിനുകളും മറ്റും നിശ്ചിത ദിവസങ്ങളില്‍ കഴിച്ചാല്‍ മതിയെന്നും രോഗം ഭേദമായിക്കൊള്ളുമെന്നുമൊക്കെയുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, കൊറോണ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയം അധികൃതരെ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്നും മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും അറിയിച്ചു.