റോം: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ മഹാമാരിയില്‍ നിന്നു മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇന്ന് ദിവ്യകാരുണ്യ ആരാധനയും ദൈവ വചനപാരായണവും ‘ഉര്‍ബി ഏത് ഓര്‍ബി’ സന്ദേശവും വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുംശേഷം ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്നാണ് ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശവും ആശീര്‍വാദവും പാപ്പ നല്‍കും.
വത്തിക്കാന്‍ സമയം വൈകിട്ട് 5.55ന് (ഇന്ത്യന്‍ സമയം രാത്രി 10.30) അര്‍പ്പിക്കുന്ന ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ തത്സമയം സംപ്രേക്ഷണം ചെയ്യും.
പ്രാര്‍ത്ഥനാശുശ്രൂഷയില്‍ ലോകത്തിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ജനപങ്കാളിത്തമില്ലാതെ വത്തിക്കാന്‍ ചത്വരം ശൂന്യമായിരിക്കുമെങ്കിലും വിശേഷാല്‍ ‘ഊര്‍ബി എത് ഓര്‍ബി’ക്കു മുന്നോടിയായി, സെന്റ് മര്‍സലോ ദൈവാലയത്തിലെ അത്ഭുത കുരിശുരൂപം വത്തിക്കാന്‍ ചത്വരത്തില്‍ പ്രതിഷ്ഠിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. 1522ല്‍ പടര്‍ന്നുപിടിച്ച പ്ലേഗ് രോഗത്തില്‍നിന്ന് റോമന്‍ ജനതയെ രക്ഷിച്ചതിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച കുരിശുരൂപമാണിത്.
ദിവ്യകാരുണ്യ ആരാധനയിലും ആശീര്‍വാദത്തിലും, ടി.വിയിലൂടെയും റേഡിയോയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയം അണിചേരുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനവും പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്പര്‍ 1471 പഠിപ്പിക്കുന്നു.
ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളില്‍ മാത്രം മാര്‍പ്പാപ്പ നല്കുന്ന പ്രത്യേക സന്ദേശമാണ് ‘ഉര്‍ബി ഏത് ഓര്‍ബി’ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്തുമസ്, ഈസ്റ്റര്‍ കൂടാതെ ‘ഉര്‍ബി ഏത് ഓര്‍ബി’ മറ്റ് അവസരങ്ങളില്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.