വാഷിംഗ്ടൺ: കൊറോണ മുക്തയായതിന് ശേഷവും നീണ്ടു നിൽക്കുന്ന കടുത്ത ചുമയെ തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി മെലാനിയ ട്രംപ് റദ്ദാക്കി. ഇരുവരും അപൂർവമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റാലികളിലൊന്നാണ് റദ്ദാക്കിയത്.
ദിനംപ്രതി മെലാനിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. എന്നാൽ കടുത്ത ചുമ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് മെലാനിയ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും അവരുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം ഔദ്യോഗികകുറിപ്പിൽ വ്യക്തമാക്കി.
ഒരു വർഷത്തെ കാലയളവിനിടെ ട്രംപിനൊപ്പമുള്ള മെലാനിയയുടെ ആദ്യ പൊതുപരിപാടിയാണ് പെൻസിൽവാനിയയിലെ എറിയിൽ നടക്കേണ്ടിയിരുന്നത്. 2019 മുതൽ മെലാനിയ ട്രംപിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാഴ്ച ട്രംപിന് എല്ലാ ദിവസവും പ്രചാരണപരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്. ഇൗ മാസം ആദ്യമാണ് ട്രംപിനും മെലാനിയയ്ക്കും മകൻ ബാരോണിനും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.