വാഷിംഗ്ടൺ: ടിക്ടോക് അമേരിക്കയിൽ നിരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതിയുടെ സ്റ്റേ. ടിക്ടോക് നിരോധിച്ചു കൊണ്ടുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സർക്കാരിന്റെ ഉത്തരവിന് ഇത്തരമൊരു തിരിച്ചടി.
വാഷിംഗ്ടണിലെ യു എസ് ജില്ലാ കോടതി ജഡ്ജി കാൾ നിക്കോൾസാണ് ഉത്തരവിനെതിരെ താത്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രി മുതലയിരുന്നു ടിക്ടോക് ഡൗൺലോഡ് ചെയ്യുന്നതിന് വിലക്ക് തീരുമാനിച്ചിരുന്നത്. അതേസമയം നവംബർ 12 വരെ ആപ് ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് നൽകിയിരുന്നു.
സർക്കാർ നടപടിക്കെതിരെ ടിക്ടോക് നൽകിയ ഹർജിയിൽ ആയിരുന്നു ജഡ്ജിയുടെ നടപടി. ടിക്ടോകിന്റെ മാതൃ കമ്പനിക്ക് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശിയ സുരക്ഷക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ടിക്ടോകിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.