ഇസ്ലാമാബാദ്: രാജ്യത്ത് കഞ്ചാവ് ഉത്പാദനത്തിന് അനുമതി നൽകി പാക്കിസ്ഥാൻ സര്‍ക്കാര്‍. ചരിത്രപരമായ തീരുമാനം എന്ന് അവതരിപ്പിച്ച് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്.
പാക്കിസ്ഥാനിലെ ഝലം ഹെര്‍ബല്‍ മെഡിസിന്‍ പാര്‍ക്കിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഈ നീക്കം പെട്ടെന്നുണ്ടായതല്ലെന്നും മറിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ചൗദരി പറയുന്നു.
സിബിഡി ഉത്പാദിപ്പിക്കാന്‍ മാത്രമായി പാക്കിസ്ഥാന്‍ ഒരു പ്രത്യേകതരം കഞ്ചാവ് വിത്ത് ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്.വിവിധ മരുന്നുകളില്‍ സിബിഡിയുടെ മിശ്രണം നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നതെന്ന് 2016 ലെ ഗവേഷണ ഫലത്തില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല ചൈനയില്‍ 40,000 ഏക്കറിലും കാനഡയില്‍ 100,000 ഏക്കറില്‍ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്ന് ചൗഡരി അറിയിച്ചു.ഇതിന്റെ വിത്ത് എണ്ണ ഉത്പാദിപ്പിക്കുന്നതിനും ഇലകള്‍ തുണി വ്യവസായത്തില്‍ പരുത്തിയ്ക്ക് പകരം ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.
ലോകത്തെമ്പാടും കോട്ടൺ തുണിക്ക് പകരമായി ഫൈബറാണ് ഉപയോഗിക്കുന്നത്. ഈ ചെടിയുടെ നാരുകള്‍ ഉപയോഗിച്ച് വസ്ത്രങ്ങളും ബാഗുകളും മറ്റ് തുണിത്തരങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കും. ഇത് 25 ബില്യണ്‍ ഡോളറിന്റെ വിപണിയാണെന്നും ഈ വിപണിയില്‍ പാക്കിസ്ഥാന് വലിയ പങ്കുവഹിക്കാനാകുമെന്നും ചൗധരി വ്യക്തമാക്കി. ഈ പദ്ധതി സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അതുകൊണ്ടുതന്നെ ആവശ്യമുള്ള സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.