തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. അസാധാരണ സംഭവ വികാസങ്ങളാണ് സെക്രട്ടറിയേറ്റ് വളപ്പിൽ ഉണ്ടായത്. സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമിരമ്പി.നാൽപത് മീറ്ററോളം ദുരെ ഉള്ള ഫയലുകൾ വരെ കത്തി നശിച്ചിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്.
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകളും കത്തി നശിച്ചതിൽ ഉള്‍പ്പെടുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്നത് പോലും ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്തി. വിഎസ് ശിവകുമാര്‍, വി ടി ബൽറാം എന്നിവരും ഒപ്പമുണ്ട്. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തമടക്കമുള്ള വിഷയമടക്കം പ്രതിപക്ഷനേതാവ് ഉന്നയിച്ചു.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്നാണ് ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ ദുരൂഹതയും അട്ടിമറി സാധ്യതയുമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മൂന്ന് സെക്ഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തി. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തി മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. ആക്ഷേപങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അതേ സമയം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന്നാണ് പൊതുഭരണ വകുപ്പ് അറിയിക്കുന്നത്. എന്നാലിക്കാര്യത്തിൽ വ്യക്തതയില്ല.