വാഷിംഗ്ടൺ : ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനെതിരേ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ബൈഡൻ ഇതുവരെ ചൈനയെ വിമർശിച്ച് ഒരു പരാമർശം പോലും നടത്തിയിട്ടില്ല. ഇനി നടത്തുമെന്നും തോന്നുന്നില്ല. ബൈഡൻ വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
2020 കൌൺസിൽ ഫോർ നാഷണൽ പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണാൽഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചാൽ അമേരിക്കയുടെ നിയന്ത്രണം പൂർണമായും ചൈനയുടെ കൈകളിൽ എത്തുമെന്ന് ട്രംപ് വിമർശിച്ചു.
നമ്മുടെ ജീവിതകാലത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ഡമോക്രാറ്റിക്ക് പാർട്ടിയുടെ ദാർഷ്ട്യവും വിദ്വേഷവും ഇത്തവണ തിരസ്കരിക്കപ്പെടണം. അമേരിക്കയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന ഒരു പാർട്ടിക്ക് രാജ്യത്തെ നയിക്കാൻ സാധിക്കില്ല. എന്നാൽ ബെഡൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ പ്രധാന കാര്യം അദ്ദേഹം ക്രമസമാധാനത്തെക്കുറിച്ച് പറഞ്ഞില്ല. ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിൽ തീർത്തും നിയന്ത്രണം നഷ്ടപ്പെട്ടത് സംബന്ധിച്ച അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അവസാനിച്ച ഡെമോക്രാറ്റിക് ദേശീയ കൺവെൻഷനിൽ ജോ ബൈഡൻ ഔദ്യോഗികമായി പ്രസിഡൻറ് ട്രംപിനെതിരായ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.