ജിദ്ദ: ലോകമെമ്പാടും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. തീർഥാടകരുടെ വിസയും റദ്ദാക്കി. ഇറാനിലടക്കം വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ സുപ്രധാന തീരുമാനം. ചരിത്രത്തിലാദ്യമായാണ് മറ്റു രാജ്യക്കാർക്ക് ഉംറക്ക് വിലക്കേർപ്പെടുത്തുന്നത്.
മദീന സന്ദർശനത്തിനും വിലക്കുണ്ട്.
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വിസയ്ക്കും താത്കാലിക വിലക്കുണ്ട്. തൊഴിൽ, ബിസിനസ്, കുടുംബസന്ദർശക വിസകൾക്ക് വിലക്കില്ല. സൗദി അറേബ്യൻ എയർലൈൻസ് വിവിധ ട്രാവൽ ഏജൻസികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് തീർഥാടനത്തിന് പുറപ്പെടാൻ വിമാനത്തിൽ കയറിയ 234 തീർഥാടകരെ തിരിച്ചിറക്കി.വി സ റദ്ദാക്കിയ കാര്യം ഇവരറിഞ്ഞിരുന്നില്ല.
ഇന്ന് പുലർച്ചെ 4.45-നുള്ള ഇത്തിഹാദ് എയർ, അഞ്ചരയ്ക്കുള്ള സ്പൈസ് ജെറ്റ്, പതിനൊന്നരയ്ക്കുള്ള സൗദി എയർലൈൻസ് എന്നീ വിമാനങ്ങളിൽ പോകാനാണ് ഇവരെത്തിയത്.
ഇത്തിഹാദ്, സ്പൈസ് ജെറ്റ്,സൗദി എയർ വിമാനങ്ങളിൽ തീർഥാടകർ കയറിയശേഷമാണ് വിസ റദ്ദാക്കിയ വിവരം അറിയുന്നത്. പിന്നീട് എമിഗ്രേഷൻ വിഭാഗത്തിന്റെ നിർദേശപ്രകാരം തീർഥാടകരെ പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റി. ഇവരെക്കൂടാതെ വിമാനങ്ങൾ പുറപ്പെടുകയും ചെയ്തു.