ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പാര്‍ക്കിങ് ഏരിയായില്‍ എത്തിയപ്പോൾ ഫിലിപ്പ് കുത്തി വീഴ്ത്തിയെന്ന് മെറിൻ്റെ മരണമൊഴി

കോറല്‍ സ്പ്രിങ്‌സ്: സൗത്ത് ഫ്‌ളോറിഡയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി(28) പൊലീസിന് മരണമൊഴി നല്‍കിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോഴാണ് മെറിനെ ഫിലിപ്പ് കുത്തി വീഴ്ത്തിയത്. ആംബുലന്‍സില്‍ കൊണ്ടുപോവുന്നതിന് ഇടയിലാണ് തന്നെ ആക്രമിച്ചത് ഫിലിപ്പ് ആണെന്ന് മെറിന്‍ പൊലീസിനെ അറിയിച്ചത്.

തന്നെ ആക്രമിച്ചത് ഭര്‍ത്താവ് ഫിലിപ്പ് മാത്യു ആണെന്ന് മെറിന്‍ പൊലീസിനോട് പറഞ്ഞതായാണ് മയാമിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 17 വട്ടം മെറിന്റെ ശരീരത്തില്‍ കുത്തിയ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റുകയും ചെയ്തു. പിന്നാലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് ഫിലിപ്പിനെ പൊലീസ് കണ്ടെത്തിയത്.

2018ല്‍ മെറിനെ കൊന്ന് സ്വയം ജീവനൊടുക്കുമെന്ന് ഫിലിപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോറല്‍ സ്പ്രിങ്‌സ് പൊലീസ് ഇവരുടെ വീട്ടിലെത്തുകയും ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാനസിക പ്രശ്‌നം മൂലം മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നത് തടയാനുള്ള ബേക്കര്‍ നിയമപ്രകാരമാണ് അന്ന് ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് ഫിലിപ്പിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.