ബീജിങ്: കൊറോണ വൈറസ് ഭീതിയിൽ നിന്ന് ചൈന മോചിതമാകാൻ ഇനി രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധർ. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,770 ആയി. ഇന്ന് മാത്രം 105 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 100 പേരും വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ഹുബെയ് പ്രവിശ്യയിലാണ്. മൂന്നുപേർ ഹെനാനിലും രണ്ടുപേർ ഗ്വാങ്ദോങ്ങിലുമാണ് മരിച്ചത്. പുതുതായി 2,048 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
ഹുബെയ് പ്രവിശ്യയിൽ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം റദ്ദാക്കിയിരിക്കുകയാണ്. 18 നഗരങ്ങളിലായി അഞ്ച്കോടിയോളം ആളുകളെയാണ് സർക്കാർ ജനുവരി 23 മുതൽ ക്വാറന്റൈൻ ചെയ്തിരിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള അടിയന്തര സേവനങ്ങൾ ഒഴികെയുള്ള വാഹന ഗതാഗതവും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും തടഞ്ഞിരിക്കയാണ്.
അതേ സമയം പുറത്തു വന്നിരിക്കുന്ന മരണ സംഖ്യ യഥാർമല്ലെന്ന് ആക്ഷേപമുണ്ട്. മരണസംഖ്യ ഏറെയുണ്ടെന്ന സത്യം സർക്കാർ മറച്ചു വച്ചിരിക്കയാണെന്നാണ് പൊതുവേ ചർച്ച ചെയ്യപ്പെടുന്നത്.