ബ്രസീൽ പ്രസിഡന്റ് ജെയര്‍ ബൊല്‍സോണാരോക്ക് കൊറോണ പോസിറ്റീവ്

ബ്രസീലയ: ബ്രസീൽ പ്രസിഡന്റ് ജെയര്‍ ബൊല്‍സോണാരോക്കു കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. നാലു തവണ ഇദ്ദേഹത്തിനു കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു. നാലാമത്തെ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച്ചയാണ് കടുത്ത പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ബൊല്‍സോണാരോക്കു പരിശോധന നടത്തിയത്.
കൊറോണ രോഗബാധ വലിയ കാര്യമൊന്നും അല്ലെന്നും അതൊരു കൊച്ചു പനി മാത്രമല്ലേ എന്നും പറഞ്ഞ ഭരണാധികാരിക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗ വ്യാപന സാധ്യത വളരെ അധികം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും എല്ലാ നിയന്ത്രണങ്ങളും ബൊല്‍സോണാരോ പിന്‍വലിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കണക്കിലെടുക്കാതെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പലപ്പോഴും ഇദ്ദേഹം എത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷവും താന്‍ നിലവില്‍ ആരോഗ്യവാനാണെന്നു പറയുകയും മാസ്‌ക് മാറ്റി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ബൊല്‍സോണാരോ പുഞ്ചിരിക്കുകയും ചെയ്തു.

നെഗറ്റീവ് ഫലം വരുന്ന പക്ഷം ഉടനെ തന്നെ തന്റെ ജോലികളില്‍ തിരികെ പ്രവേശിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ഇവിടെ വലിയ തോതില്‍ ആണ് രോഗം വര്‍ധിച്ചത്. പല രോഗ രാജ്യങ്ങളെയും മറി കടന്ന് വളരെ പെട്ടെന്നാണ് ബ്രസീല്‍ രോഗവ്യാപന നിരക്കില്‍ മുന്നിലെത്തിയത്.

സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന കാരണത്താലാണ് ബൊല്‍സോണാരോ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. തിങ്കളാഴ്ച്ചയിലെ കണക്കു പ്രകാരം 65000 പേര്‍ ഇവിടെ രോഗ ബാധ മൂലം മരിച്ചു. രോഗബാധിതര്‍ ഇതുവരെ പതിനാറു ലക്ഷത്തിനു മുകളിലാണ്. കൊറോണ രോഗികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍.