ടിക്ടോക്കിനെതിരായ നടപടിയിൽ നിന്നും ആമസോൺ പിൻവാങ്ങി

വാഷിംഗ്ടൺ: ചൈനീസ് അപ്ലിക്കേഷൻ ആയ ടിക്ടോക്കിനെതിരായ നടപടിയിൽ നിന്നും ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ പിൻവാങ്ങി. ടിക്ടോക് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആമസോൺ തങ്ങളുടെ ജീവനക്കാർക്ക് ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇന്നലെ രാവിലെ ആണ് കമ്പനി ജീവനക്കാർക്ക് ഇതിനെ കുറിച്ച് നിർദ്ദേശം നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ആമസോൺ ഈ നീക്കം നടത്തിയത്. എന്നാൽ ഇതിനെ സംബന്ധിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ടിക്ടോക് കമ്പനി പ്രതികരിച്ചതോടെ ഇമെയിൽ സന്ദേശം അബദ്ധത്തിൽ അയച്ചതാണെന്ന് അറിയിച്ചു ആമസോൺ രംഗത്തെത്തി. ടിക്ടോകിനോടുള്ള തങ്ങളുടെ സമീപനത്തിൽ മാറ്റം ഒന്നും ഇല്ലെന്നും ആമസോൺ അറിയിച്ചു.

അതേ സമയം ഇന്ത്യക്ക് പുറമെ ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കാൻ ഉള്ള നീക്കങ്ങൾ ഓസ്ട്രേലിയയും ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്ത്യ ടിക്ടോക് അടക്കമുള്ള 59 അപ്ലിക്കേഷനുകൾ ആണ് അടുത്തിടെ നിരോധിച്ചത് . ടിക്ടോക് ശേഖരിക്കുന്ന ഡാറ്റാ സംബന്ധിച്ച് ഓസ്ട്രേലിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.