ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധം; ട്രംപിനെ ‘വിറപ്പിച്ച് ‘ ഇറാൻ്റെ അറസ്റ്റ് വാറൻ്റ്

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ‘വിറപ്പിച്ച് ‘ ഇറാൻ്റെ അറസ്റ്റ് വാറൻ്റ്. ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയുടെ വധത്തിലാണ് ട്രംപിനെതിരെ വാറൻഡ്. ട്രംപിനും മറ്റുള്ളവർക്കും വേണ്ടി ഇന്റർപോൾ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിന് പുറമേ ഡ്രോൺ ആക്രമണം നടത്തിയ 30 പേർക്കെതിരെയും ഇറാൻ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിട്ടുണ്ട്.

റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇറാന്റെ ആവശ്യത്തോട് ഇന്റർപോൾ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സ്വഭാവമുള്ള കേസുകൾ സാധാരണയായി പരിഗണിക്കരുതെന്നാണ് ഇന്റർപോളിന്റെ മാർഗ നിർദേശങ്ങളിൽ പറയുന്നത്. അതിനാൽ തന്നെ ഇറാന്റെ അഭ്യർഥന ഇന്റർപോൾ സ്വീകരിക്കാനിടയില്ല.

അറസ്റ്റ് ട്രംപിന് ഭീഷണി ഉയർത്തുന്നില്ലെങ്കിലും യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ രൂക്ഷത അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ നീക്കം. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകുമെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്.