പ്രവാസികൾക്ക് തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരികെ എത്തിയ 84,195 പ്രവാസികളില്‍ 713 പേര്‍ കൊറോണ ബാധിതരാണ് എന്നാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതില്‍ രോഗികളുടെ അനുപാതം 0.85 ശതമാനമാണ്. അല്ലാതെ, മുഖ്യമന്ത്രി പറയുന്നതുപോലെ 1.5 ശതമാനം അല്ല. ഒരു വിമാനത്തില്‍ കൊറോണ രോഗിയുണ്ടെങ്കില്‍ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തലും ശരിയല്ല. അങ്ങനെയാണെങ്കില്‍ വിദേശത്തുനിന്നു വിമാനത്തില്‍ വന്ന 84,195 പേരും ഇപ്പോള്‍ രോഗികളാകുമായിരുന്നു.

പ്രവാസികള്‍ക്കു മടങ്ങാന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്രത്തിന്റെ സര്‍ക്കുലറിനെതിരേ മുഖ്യമന്ത്രി അവതരിപ്പിച്ച് കേരള നിയമസഭ കഴിഞ്ഞ മാര്‍ച്ച് 11നു ഐക്യകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ ഇപ്രകാരം: ” അടിസ്ഥാനപരമായി ഇതു മനുഷ്യത്വവിരുദ്ധവും പ്രവാസികളായ ഇന്ത്യക്കാരെ നിഷ്‌കരുണം കൈവിടുന്നതിനു തുല്യവുമാണ്…. നമ്മുടെ നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും വിജ്ഞാനവര്‍ധനയ്ക്കും പ്രവാസി സമൂഹം നല്കുന്ന സംഭാവനകള്‍ അതുല്യമാണ്. അവരെ ഈ പ്രതിസന്ധിഘട്ടത്തില്‍ അധിക വൈഷമ്യത്തിലാക്കുന്ന സമീപനത്തിനെതിരേ ഈ സഭ അഭിപ്രായം രേഖപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകള്‍ക്കും സംഭാവന നല്കുന്ന വിദേശത്തുള്ള നമ്മുടെ നാട്ടുകാരെ ഇവിടേക്കു വരുന്നതില്‍ നിന്നും ഫലത്തില്‍ വിലക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.”

വെറും മൂന്നു മാസംകൊണ്ട് പ്രവാസികളോടുള്ള സര്‍ക്കാരിന്റെ കാഴ്പ്പാട് ഘടകവിരുദ്ധമായതിന്റെ ചേതോവികാരം മലയാളികള്‍ക്കു മനസിലാകുന്നില്ല.

രണ്ടരലക്ഷം പേര്‍ക്ക് ക്വാറന്റീന്‍ സൗകര്യം, വിമാനത്താവളത്തില്‍ എത്തിയാല്‍ ക്വാറന്റീന്‍ മുതല്‍ വീട്ടിലെത്തിക്കുന്നതുവരെ എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ ചെലവിലും മേല്‍നോട്ടത്തിലും, ടെസ്റ്റുകള്‍ സര്‍ക്കാര്‍ ചെലവില്‍ തുടങ്ങിയ എത്രയെത്ര വാഗ്ദാനലംഘനങ്ങളാണ് പ്രവാസികളോടു നടത്തിയത്. അതിന്റെ തുടര്‍ച്ചായി മാത്രമേ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ കാണാനാവൂ.

ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയോ തമിഴ്‌നാടോ, ഡല്‍ഹിയോ പ്രവാസികള്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. വന്ദേഭാരത് മിഷനില്‍ ആവശ്യത്തിനു വിമാനം ഇല്ലാതെ വന്നപ്പോഴാണ് പ്രവാസികള്‍ സ്വന്തം നിലയില്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്. അതിനും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ മലയാളികള്‍ ആറ്റുനോറ്റു കാത്തിരുന്ന മടക്കയാത്ര അനിശ്ചിതത്വത്തിലായി.

പ്രവാസികള്‍ക്ക് കൊറോണ ടെസ്റ്റ് നടത്താന്‍ വിദേശ രാജ്യങ്ങളിലോ, വിദേശ വിമാനത്താവളങ്ങളിലോ മതിയായ സൗകര്യം ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യമുള്ളിടത്ത് താങ്ങാനാവത്ത നിരക്കും. ഇനി അതും താങ്ങാമെന്നു വച്ചാല്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി കിട്ടുക എന്ന കടമ്പയുണ്ട്. ഗള്‍ഫില്‍ ഇതിനോടകം 277 മലയാളികള്‍ അകാലചരമടഞ്ഞിരിക്കുന്നു.

എല്ലാവരും കണ്ണുതുറക്കണം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളനിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അന്ത:സത്ത പാലിച്ച് മുന്നോട്ടുപോകുക എന്നതാണ് പ്രവാസിലോകത്തിന് ഈ നിമിഷം കേരളത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ കൈത്താങ്ങ്.