ഹൂസ്റ്റണ്‍: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയ്ഡിന്റെ സംസ്‌കാരം നാളെ ഹൂസ്റ്റണില്‍ നടത്തും. ജോര്‍ജ് ഫ്ലോയ്ഡിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കും. വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച മൃതദേഹം ഹൂസ്റ്റണില്‍ എത്തിച്ചിരുന്നു. ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരായി ഹൂസ്റ്റണില്‍ എത്തിയതായി പൊലീസ് അറിയിച്ചു. മുന്‍ വൈസ് പ്രസിഡന്റ ജോ ബൈഡന്‍ തിങ്കളാഴ്ച ജോര്‍ജിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
സുരക്ഷാ കാരണങ്ങള്‍ മൂലം അദ്ദേഹം സംസ്‌കാരചടങ്ങില്‍ പങ്കെടുക്കില്ല. തിങ്കളാഴ്ചയാണു പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം. ചൊവ്വാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ചു പേര്‍ മാത്രമേ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കൂ. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസിൽ എങ്ങും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഫ്ലോയ്ഡിന്റെ സംസ്‌കാരം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം നടത്തുമെന്നു പൊലീസ് മേധാവി ട്വീറ്റ് ചെയ്തു.