വില്ലിങ്ടൺ: അവസാന രോഗിയും സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ ന്യൂസിലാൻഡ് കൊറോണ വിമുക്തമായെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 17 ദിവസമായി പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ ആശ്വാസത്തിലാണ് ഇവിടുത്തെ ജനത. പുറത്ത് നിന്നും പുതിയ രോഗ വ്യാപനത്തിന് സാധ്യത ഉള്ളതിനാൽ അതിർത്തി അടച്ചിടും. രാജ്യത്തെ പൗരന്മാർക്കും സ്ഥിര വാസികൾക്കും മാത്രം ചെറിയ ആനുകൂല്യങ്ങൾ ലഭിക്കും എന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
സന്തോഷകരമായ കാര്യമാണ് ഇതെന്ന് ആരോഗ്യ ഡയറക്ടർ ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു.
ന്യൂസിലാന്റിൽ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെടുന്നതിന്റെ തുടക്കത്തിൽ തന്നെ പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ കർശനമായ ലോക്ക്ഡൗൺ രാജ്യത്ത് ഏർപ്പെടുത്തി നിർണ്ണായകമായി പ്രവർത്തിച്ചു.
1,500 ൽ അധികം പേർക്കാണ് ന്യൂസിലൻഡിൽ വൈറസ് ബാധിച്ചത്. ഇതിൽ 22 പേർ മരിച്ചു.
അതിർത്തി നിയന്ത്രണം ഒഴികെയുള്ള അവശേഷിക്കുന്ന എല്ലാ സാമൂഹിക അകലങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും നീക്കംചെയ്യുന്നതിനെ കുറിച്ച് ന്യൂസിലൻഡ് പിന്നീട് പ്രഖ്യാപിക്കും.