മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ; ബംഗ്ലാദേശ്‌ എംപി കുവൈറ്റിൽ അറസ്റ്റിൽ

കുവൈറ്റ് : മനുഷ്യക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ബംഗ്ലാദേശ്‌ പാർലമന്റ്‌ അംഗത്തെ കുവൈറ്റ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തു. ബംഗ്ലാദേശിലെ ലക്ഷ്മിപൂർ 2 മണ്ഠലത്തിൽ നിന്നുള്ള പാർലമന്റ്‌ അംഗവും കുവൈറ്റിലെ പ്രമുഖ ശുചീകരണ കരാർ കമ്പനിയുടെ ഉടമയുമായ മുഹമ്മദ്‌ ഷാഹിദ്‌ അൽ ഇസ്ലാമിനെയാണ് മുഷറിഫിലെ വീട്ടിൽ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 1100 കോടി വിസാ തട്ടിപ്പിനാണ് മുഹമ്മദ്‌ ഷാഹിദ്‌ അറസ്റ്റിലായത്.

ഫെബ്രുവരിയിൽ കുവൈറ്റ് കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതോടെ നാട്ടിലേക്ക്‌ കടന്ന മുഹമ്മദ്‌ ഷാഹിദ്‌ മാർച്ച്‌ ആദ്യ വാരത്തിലാണു കുവൈറ്റിൽ തിരിച്ചെത്തിയത്‌. ഇയാളുടെ പങ്കാളികളിൽ ഒരാളെ കഴിഞ്ഞ മാർച്ചിൽ കുവൈറ്റ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തിരുന്നു. തനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം ലഭിച്ച മുഹമ്മദ്‌ ഷാഹിദ്‌ മറ്റൊരു പ്രതിക്കൊപ്പം കുവൈറ്റിൽ നിന്നും കടന്നു കളയുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള കോൺട്രാക്റ്റിംഗ്‌ കമ്പനി വഴി കുവൈത്ത്‌ സർക്കാരിന്റെ പദ്ധതിയിലേക്ക്‌ ഇരുപതിനായിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ കൊണ്ട്‌ വന്നിരുന്നു. ഇവരിൽ നിന്നു 5 കോടി ദിനാറോളം (ഏകദേശം 1100 കോടി രൂപ) വിസക്കുള്ള പണമായി വാങ്ങിയെന്നാണ് കേസ്‌.

ഇതിനു പുറമേ ഇയാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും കണ്ടെത്തിയിരുന്നു. അഞ്ചു മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികളിൽ ചിലർ കുവൈറ്റ് അധികാരികൾക്ക്‌ പരാതി നൽകിയതോടെയാണു തട്ടിപ്പ്‌ പുറത്തായത്‌.

1992 ൽ കുവൈറ്റിൽ പ്രമുഖ സ്ഥാപനത്തിൽ സാധാരണ ശുചീകരണ തൊഴിലാളിയായി എത്തിയ മുഹമ്മദ്‌ ഷാഹിദ്‌ അൽ ഇസ്ലാം പൊടുന്നനെ സ്ഥാപനത്തിന്റെ തലപ്പത്ത്‌ എത്തുകയും പിന്നീട്‌ ഇതേ സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ പങ്കാളി ആകുകയുമായിരുന്നു.
2018 ലെ ബംഗ്ലാദേശ്‌ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായാണു മുഹമ്മദ്‌ ഷാഹിദ്‌ അൽ ഇസ്ലാം തെരഞ്ഞെടുപ്പിൽ മൽസരിച്ച്‌ വിജയിച്ചത്‌. ഇതേ തെരഞ്ഞെടുപ്പിൽ മുഹമ്മദ്‌ ഷാഹിദിൻ്റെ ഭാര്യ സെലീന ഇസ്ലാമും അവാമി ലീഗ്‌ സ്ഥാനാർത്ഥിയായി മൽസരിച്ച്‌ വിജയിച്ചിരുന്നു.

കുവൈറ്റിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ എംഡിയാണ് ഷാഹിദ്‌ ഉൽ ഇസ്ലാം. ബംഗ്ലാദേശിലെ
എൻ‌ആർ‌ബി കൊമേഴ്‌സ്യൽ ബാങ്കിന്റെ വൈസ് ചെയർമാനും, എൻ‌ആർ‌ബി സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്പനി ചെയർമാനുമാണ്. ബംഗ്ലാദേശിലെ ക്രിസ്റ്റൽ എനർജി ലിമിറ്റഡ് (സിഇഎൽ), സിംഗപ്പൂരിലെ ഒമേര എനർജി, യുണൈറ്റഡ് അൽ-എക്ടെസാദ് ഇന്റർനാഷണൽ മണി റെമിറ്റൻസ് കമ്പനി എന്നിവയുടെ ഡയറക്ടറുമാണ്.