ബ്രസീലിയ: ബ്രസീലിലെ ആരോഗ്യ മന്ത്രി നെൽസൺ ടീച്ച് രാജിവച്ചു. പ്രസിഡന്റ് ജെയിർ ബൊൽസനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് നെൽസൺ ടീച്ചിന്റെ രാജി. ഒരു മാസത്തിനിടെ ബ്രസീലിൽ രാജിവക്കുന്ന രണ്ടാമത്ത ആരോഗ്യമന്ത്രിയാണ് ടീച്ച്.
കോറോണകാലത്തെ പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിമാർ രാജി വെച്ചുപുറത്തുപോവുന്നത്. ശാസ്ത്രലോകത്തിന്റെ അന്തിമ അംഗീകാരം ലഭിക്കാത്ത മലേറിയ മരുന്നുകൾ കൊറോണ രോഗികളിൽ ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ബൊൽസനാരോ ഡോക്ടമാരെ നിർബന്ധിച്ചിരുന്നു. എന്നാൽ മലേറിയ മരുന്നുകൾ കൊറോണക്ക് ശാശ്വതമല്ലായെന്ന റിപോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. അതിനടയിലാണ് രോഗികൾ ഈ മരുന്ന് പ്രയോഗിക്കാൻ പ്രസിഡന്റ് നിർബന്ധിക്കുന്നത്. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിന് ടീച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ബോൾസോനാരോ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
തീരുമാനങ്ങൾ എടുക്കുന്നതിനാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്, ക്ലോറോക്വിനിനെക്കുറിച്ചുള്ള തീരുമാനം എന്നിലൂടെയാണ് കടന്നുപോകേണ്ടത്’ എന്ന് ബോൾസോനാരോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം സംബന്ധിച്ച സംസ്ഥാന ഉത്തരവുകൾ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനവും അവസാന വാക്കായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
‘യുദ്ധത്തിൽ ഒരു കമാൻഡറെപ്പോലെ: അവൻ തീരുമാനിക്കണം. ആളുകൾ മരിക്കുമോ എന്നു ചോദിച്ചാൽ നിർഭാഗ്യവശാൽ, ആളുകൾ മരിക്കുമെന്ന് പറയേണ്ടി വരും’ എന്നാണ് കഴിഞ്ഞ ദിവസം ബൊൽസനാരോ പറഞ്ഞത്.
അതേസമയം ടീച്ച് ഇതുവരെയും രാജിവെക്കാനുള്ള കാരണത്തിൽ പ്രതികരിച്ചിട്ടില്ല. കേസുകൾ വർധിക്കുമ്പോഴും ജിമ്മുകളും, ബ്യൂട്ടി പാർലറുകളും തുറക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവും അദ്ദേഹത്തെ രാജിവെക്കാൻ പ്രേരിപ്പിച്ചിരിക്കണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് പ്രസിഡന്റ് ഓഫീസ് അറിയിച്ചത്.
ഹൈഡ്രോക്സിക്ലോറോക്വിൻ പ്രോത്സാഹിപ്പിക്കാനുള്ള ബോൾസോനാരോയുടെ ആവശ്യത്തെ എതിർത്തതിന് ടീച്ചിന്റെ മുൻഗാമിയായും സൈനിക വൈദ്യനുമായ ലൂയിസ് ഹെന്റിക് മണ്ടെറ്റയെ ഏപ്രിൽ 16 ന് പ്രസിഡന്റ് പുറത്താക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 800 ൽ അധികം മരണങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്