മെല്‍ബണ്‍: ഈ വര്‍ഷത്തെ പെര്മനെന്റ് ഇമിഗ്രേഷന്‍ വിസകളുടെ എണ്ണം കൂട്ടാനൊരുങ്ങി ഓസ്ട്രേലിയ. നിലവില്‍ 35,000 വിസകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം 1,95,000 വിസകളാക്കാനാണ് തീരുമാനം. രാജ്യത്തിന്റെ പല സേവന മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
കൊറോണയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷം ഓസ്ട്രേലിയ കുടിയേറ്റങ്ങള്‍ അനുവദിച്ചിരുന്നില്ല. ആ കടുത്ത നിയമങ്ങളും അവധിക്കാല തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും വിദേശ വിദ്യാര്‍ത്ഥികള്‍ സ്ഥലം വിടുന്നതും പല മേഖലയിലും തൊഴിലാളികളുടെ ക്ഷാമം കൂടുന്നതിന് കാരണമായി.
നയത്തില്‍ മാറ്റം വരുന്നതോടെ ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് രാജ്യത്ത് എത്താനുള്ള സാധ്യതയാണ് തുറക്കുന്നത്. അതുപോലെ തന്നെ കൂടുതല്‍ എഞ്ചിനീയര്‍മാര്‍ക്കും അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തരകാര്യമന്ത്രി ക്ലേര്‍ ഒനീല്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 3.4 ശതമാനത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ഈ നിരക്ക്. വാര്‍ഷിക കുടിയേറ്റം 1,60,000 ആക്കണമെന്ന് നേരത്തെ വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.