കുര്‍ദ്: വടക്കന്‍ സിറിയയില്‍ സമാധാനത്തിന് തുര്‍ക്കി-അമേരിക്ക ധാരണയായി. പ്രദേശത്ത് സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദ്ദുഗാനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. കുര്‍ദ് സ്വാധീന മേഖലയായ വടക്കന്‍ സിറിയയില്‍ സൈനിക നീക്കത്തിന് തുര്‍ക്കി തയ്യാറെടുക്കുന്നതിനിടെയാണ് ചര്‍ച്ച നടന്നത്.
സായുധ സംഘടനകള്‍ മേഖലയില്‍ നിന്ന് പൂര്‍ണമായി പിന്മാറിയാല് ഓപ്പറേഷന് പീസ് സ്പ്രിങ് എന്ന സൈനിക നടപടി നിര്‍ത്താമെന്ന് തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. സൈനിക നീക്കം തുര്‍ക്കി പിന്‍വലിച്ചാല്‍ അമേരിക്ക തുര്‍ക്കിയുടെ മേല്‍ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കുമെന്ന് മൈക്ക് പെന്‍സും പറഞ്ഞു. ഇതോടെ വടക്കന്‍ സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നിന്ന സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമായി.