ഭാര്യയ്‌ക്കെതിരെ പറഞ്ഞ തമാശ രസിച്ചില്ല: ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്

ലോസ് ഏഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്റെ മുഖത്തടിച്ച് അമേരിക്കന്‍ നടന്‍ വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കിയ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്താണ് വില്‍ സ്മിത്ത് അടിച്ചത്. ഭാര്യയ്‌ക്കെതിരെ ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുമ്പോഴായിരുന്നു തല മൊട്ടയടിച്ച് എത്തിയ ജാഡ സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് തമാശ പറഞ്ഞത്. ജാഡ സ്മിത്തിന് തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്.

എന്നാല്‍ റോക്കിന്റെ തമാശ ഇഷ്ടപ്പെടാത്ത വില്‍ സ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തിരികെ സീറ്റില്‍ പോയിരുന്ന ശേഷം അദ്ദേഹം തന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെന്ന് താക്കീത് ചെയ്തു. അതേസമയം ഇത്തവണ കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്ത് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഇതാദ്യമായാണ് സ്മിത്ത് ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത്.

മികച്ച ചിത്രം കോഡ ആണ്. ജെസീക്ക ചസ്‌റ്റൈന്‍ ആണ് മികച്ച നടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/സംവിധായകന്‍ ആയി ജെയ്ന്‍ കാംപിയോണ്‍.