ചൈനയിൽ എന്താണ് സംഭവിക്കുന്നത്, ഷി എവിടെ? ട്രെയിൻ, വിമാന സർവീസുകൾ നിർത്തി

ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനും ചൈനീസ് പ്രസിഡന്‍റുമായ ഷീ ചിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യുഹങ്ങൾക്കിടെ ബെയ്ജിംഗ് വിമാനത്താവളത്തിൽനിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി റിപ്പോർട്ട്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചിട്ടില്ല.

ബെയ്ജിംഗിലേക്ക് വരുന്നതും അവിടെനിന്ന് പോകുന്നതുമായ വിമാന സർവീസുകളാണ് റദ്ദാക്കിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിൽ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവച്ചതായും സൂചനയുണ്ട്. അതേസമയം, ഷീ വീട്ടുതടങ്കലിലാണെന്ന് സമൂഹമാധ്യമങ്ങൾ പറയുന്നു.

ഷീ വീട്ടുതടങ്കലിലാണെന്ന് ചൈനീസ് പൗരന്മാരും ട്വിറ്ററിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പിഎൽഎയുടെ നിയന്ത്രണം സൈന്യംതന്നെ ഏറ്റെടുത്തതായും ലീ ക്യുമിയോംഗ് ചൈനീസ് പ്രസിഡന്‍റ് പദമേറ്റെടുത്തായും വാർത്ത പ്രചരിക്കുന്നുണ്ട്. സെപ്റ്റംബർ 22ന് ബെയ്ജിംഗ് ലക്ഷ്യമാക്കി സൈനിക വാഹനവ്യൂഹം ഹ്യുവാൻലിയിൽനിന്നു പുറപ്പെട്ടതായും ചിലർ ട്വീറ്റ് ചെയ്തു.